Oct 28, 2009

ജീവിതത്തിന്റെ ഉത്തരം

(അറിവിന്റെ പാഠപുസ്തകത്തിനും തിരിച്ചറിവിന്റെ ജീവിതത്തിനുമിടയിൽ‌പ്പെട്ടു പകച്ചവർക്ക്)

നീന്തിപോയവർക്ക്
പിന്നാലെ
മുങ്ങിയും പൊങ്ങിയും
ആറ്കടന്ന്
ഏഴിലെത്തി
വീണുപോയവരപ്പറ്റി
വിഷമിച്ചും
വീഴാത്തതിൽ
ആശ്വസിച്ചും
പുതുക്കക്കാരോട്
പുഞ്ചിരിച്ചും
പതിവുപോലെ
പിൻബഞ്ചിനറ്റത്ത്
ചുറ്റിലും
തുള്ളിച്ചാടുമൊച്ചകൾ
‘വരുന്നുണ്ടോ മാഷ്‘
ജനാലയ്ക്കു
വെളിയിലോടുന്ന കണ്ണുകൾ
“വരണൊണ്ടെടാ സണ്ണീ-
യെന്ന് പ്രകാശന്റ്
അറിയിപ്പുയരും നേരം
ഒച്ചകളടങ്ങുന്നു“
കട്ടിക്കണ്ണട തുളച്ച്
നാലുചുവരും
ചുറ്റിയെത്തുന്ന ഗൌരവം
‘ക്ലാസ്സ് ടീച്ചെറെ‘ന്ന്
ഒറ്റവാക്കിൽ പരിചയം
രണ്ടു നാലുപദേശം
നന്നായ് പഠിക്കേണം
ഒച്ചകളടക്കേണം
തർക്കുത്തരം താന്തോന്നിത്തം
ഉച്ചയ്ക്കു ശേഷം
ഒളിച്ചോടുന്ന കൌശലം
ഒക്കെയും കണ്ണിൽ‌പ്പെട്ടാൽ
കൈവെള്ള ചുവന്നീടും
പാഠപുസ്തകത്തിന്റെ
ആദ്യതാൾ മറിഞ്ഞപ്പോൾ
പിന്നയുമുപദേശം
ഇക്കുറി നൂറ്റാണ്ടുകൾക്കു-
പിന്നിൽ നിന്നൊരച്ഛൻകണ്ട-
രാമായണം,ലക്ഷ്മണോപദേശം
തിളങ്ങും കീരീടങ്ങൾ
ഉയർന്ന ചെങ്കോലുകൾ
കൈവിട്ട സിംഹാസനം
വെട്ടിപിടിയ്ക്കൻ
തിളയ്ക്കുമനുജന്റെ-
യവിവേകം തകർത്ത്-
തണുപ്പിച്ച് ഉത്തമപുരുഷൻ
തീർത്ത ആത്മീയ സാമ്രാജ്യങ്ങൾ
കഥയോടവേ
ചക്ഷു: ശ്രവണനിഴഞ്ഞെത്തി
അർത്ഥമെന്തെന്ന് മാഷ്
അർദ്ധശങ്കയിൽ ഞങ്ങൾ
‘കണ്ണിനുള്ളിൽ
കാ‍തൊളിപ്പിച്ചവൻ,സർപ്പം
പാമ്പെന്ന് ഭാഷാഭേദം
പറയാമോ ഇനിമറ്റൊരു
പര്യായായം‘
കാതിനുള്ളിൽ
കല്ലുവച്ചപോൽ
നിശബ്ദതയിഴയുന്നു
അതിൻപത്തി ചവിട്ടിക്കൊണ്ടു-
യർന്നിവൻ പിൻബഞ്ചിൽ
‘വത്സ സൌമിത്രാ‘യെന്ന
വാത്സല്യം മാഷിൻമുഖം
പറയാനാംഗ്യം
‘അച്ഛനെന്നിവൻ‘
പൊട്ടിച്ചിരിയിൽചിതറി ക്ലാസ്സിൻ-
നിശബ്ദ സ്ഫടികപാത്രം
‘അച്ഛനെന്നോ...?’
ചുവന്നു കട്ടിക്കണ്ണടയാകെ
അതേയെന്നാവർത്തിക്കുന്നു
നിഷ്ക്കളങ്കം സൌമ്യോദാരം
2
അരിവാങ്ങാൻ
റേഷൻകടയിൽ
തിരക്കുള്ള വരിയിൽ
തള്ളിക്കേറേ
‘പാമ്പിന്റെ മോനേ‘-
പിന്നിൽ പോയിനിൽക്കടാ-
യെന്ന് പറഞ്ഞ്ചിരിച്ചവർ
‘പാമ്പിന്റെ വീടേതാന്ന്‘
വഴിപോക്കരോടാവർത്തിച്ച്
പാതിരാനേരം
വീട്ടിലച്ഛനെകൊണ്ടാക്കുവോർ
മഴയിൽ
അനുജത്തി
പനിവെട്ടവേ
ആശുപത്രിപ്പടി കേറി-
കേറി ശ്വാസംകിട്ടാതമ്മ
പിടയ്ക്കുമ്പോൾ
പറയുന്നാരക്കയൊ
പാമ്പിന്റെ പെണ്ണല്ലയോ
അവനാ ഷാപ്പിൽക്കാണ്ണും
ഇഴഞ്ഞേ വീട്ടിൽപോകൂ
3
ചൂണ്ടുവിരൽ
ചുണ്ടിൽചേർത്ത്
നിശബ്ദത വരയ്ക്കുന്ന
മാഷിന്റെ മാന്ത്രികം
എന്തൊരു മഹാശ്ചര്യം
‘വന്നുകയറും മുൻപേ
ധിക്കാരം കൊള്ളാ‘മെന്ന്
വായുവിൽപുളയുന്നു
ചൂരൽപാമ്പിന്റെ
ശിൽക്കാരങ്ങൾ
പാമ്പിന്റെ പര്യയായം
അച്ഛനെന്നുറപ്പിച്ച
ഭാവമേ മുഖമാകെ
പടർത്താനാകുന്നുള്ളൂ
നൊന്തുകരായാൻ
മറന്നുപോയ്
ചോരപൊട്ടിയ
കണങ്കാലു
തുടയ്ക്കാനാകുന്നില്ല
അപ്പൊഴും
ഉള്ളിൽ നീറിനിൽക്കു-
ന്നൊരു ചോദ്യം
പാമ്പിൻ മകന്
അച്ഛൻ
പാമ്പിൻ പര്യായാംതെറ്റോ

Oct 24, 2009

ആ കല്ലറകളിലേക്ക് നോക്കി വായിചെടുക്കു അഭിനവ ഗാന്ധി കേരളത്തിലെ വിദ്യാര്‍ഥികള്‍ ഇന്നാളത്രയും നടന്നു വന്ന പോരാട്ടത്തിന്റെ കനല്‍ വഴികളെകുറിച്ച്.........

കലാലയങ്ങളിലേക്ക് തിന്മകള്‍ ഒന്നിന് പിറകെ ഒന്നായി കടന്നു വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ട ത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഒരിക്കല്‍ അതിനു ഇസ്ലാമിക തീവ്രവാദത്തിന്റെ രൂപ മായിരുന്നെന്കില്‍ ഇന്ന് ലവ് ജിഹാദ് പോലുള്ള അരാജകത്വ പ്രവണതകളില്‍ എത്തി നില്‍ക്കുന്നു.


ഡസ്ക് ഇന് അടിയില്‍ മൊബൈല്‍ ഒളിപ്പിച്ചു പ്യൂണ്‍ ഇനെ ബെല്‍ അടിക്കാന്‍ ഓര്‍മിപ്പിക്കുന്ന വിദ്യാര്‍ഥികള്‍, സമരം എന്നത് പ്രതിഷേധത്തിനപ്പുറം ഒരു ദിവസത്തെ അവധിയായി ആഘോഷിക്കുന്ന കാലം.പ്രണയം എന്നത് ഒരു കോംബട്ടിഷന്‍ ഐറ്റം ആക്കി മാറ്റിയ അഭിനവ റോമിയോ മാരെ വിദ്യാര്‍ഥിനികള്‍ നെഞ്ചില്‍ ഏറ്റുന്ന കാലം.റാഗിംഗ് എന്ന ഭ്രാന്തന്‍ വിനോദത്തിന്റെ വേദികളായി കാമ്പസ്സുക്കള്‍ മാറുന്നു.ഇത് നമ്മുടെ കാമ്പസുകളുടെ ഇന്നത്തെ വിശേഷം .



ഈ പ്രശ്നങ്ങളെല്ലാം നമ്മുടെ കണ്മുന്നില്‍ അരങ്ങേറുമ്പോള്‍ ചില വിദ്യാര്‍ഥി സംഘടനകള്‍ അവരുടെ ദേശീയ നേതാവിനെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ എന്ന പേരില്‍ നമ്മുടെ കാമ്പസ്സുകളിലേക്ക് അഭിനവ രാജകുമാരനെ പോലെ ആനയിച്ചു.
ഹെലികോപ്റ്ററില്‍ ഇരുന്നു താഴെയുള്ള ക്യാമ്പസ്സ് കളിലേക്ക് നോക്കിയാലോ,വിദ്യാര്‍ഥിനികള്‍ക്കും,അധ്യാപികമാര്‍ക്കും ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്താലോ, അതൊക്കെ അഭിനവ ഗാന്ധിക്ക് മനസിലാവുമോ?


വിമാനത്തില്‍ സഫാരിയുമായി, കോടികള്‍ ചില്ലവിട്ട്, ഓട വെള്ളത്തിലുണ്ടാക്കിയ ചായക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കാന്‍, പാവപെട്ട പോലീസുകാരുടെ ഉറക്കം കെടുത്താന്‍ അങ്ങിനി ഈ കേര നാട്ടിലേക്ക് വരരുതേ!!!! കേരളത്തിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളെല്ലാം വിശദമായി ഒരു വെള്ള പേപ്പറില്‍ എഴുതി ഒരു പോസ്റ്റ്‌ കവര്‍ ഇലിട്ടു ജന്‍പത്തിലേക്ക് അയച്ചേക്കാം.അല്ലെങ്കില്‍ വിവരാവകാശ നിയമം അനുസരിച്ച് ഒരു അപേക്ഷ രാജ്യ രക്ഷാ മന്ത്രിക്കോ ,പ്രവാസികാര്യ മന്ത്രിക്കോ അയച്ചാലും മതി. അതല്ല ചായ ഒരുപാട്‌ ഇഷ്ടപെട്ടുപോയെങ്കില്‍ അതുണ്ടാക്കിയ പുള്ളി ഇപ്പൊ വെറുതെ നില്‍ക്കുവാ അദ്ധേഹത്തെ അങ്ങോട്ട്‌ പാര്‍സല്‍ ചെയ്തേക്കാം.

Oct 20, 2009

ഉറുമ്പ്

പിന്നിലെങ്കിലും
വരിതെറ്റിച്ചിട്ടില്ല
ഒരുതരിമധുരത്തിനും
ഒറ്റയ്ക്ക്കൊതിച്ചിട്ടില്ല
കയ്പ്പിച്ച വഴികളിൽ
കലഹിച്ചകന്നിട്ടില്ല
മോഹിച്ചിട്ടേയുള്ളൂ
കൂട്ടംതെറ്റാതൊന്ന്ജീവിക്കാൻ
കൂട്ടംതെറ്റിയൊന്നൊടുങ്ങാൻ